ആരോഗ്യം പകരാറുണ്ടോ?
അബ്ദുല്‍വദൂദ്
ഇല്ല. ആരോഗ്യം പകരാറില്ല. രോഗമാണ് പകരാറുള്ളത്. രോഗം പകരുന്നതുകൊണ്ട് ദോഷങ്ങള്‍ മാത്രമേയുള്ളൂ. ആരോഗ്യമാണ് പകരുന്നതെങ്കില്‍ അതെത്ര നല്ലതായിരുന്നു!
ആരോഗ്യം മാത്രമല്ല, നല്ല കാര്യങ്ങളൊക്കെ അങ്ങനെയാണ്. അവ വേഗം വേരു പിടിക്കാറില്ല. ചീത്ത കാര്യങ്ങള്‍ എത്ര വേഗമാണ് സമൂഹത്തിലാകെ പടര്‍ന്നുകയറുന്നത്. വ്യക്തിയെക്കുറിച്ചും സ്ഥാപനങ്ങളെക്കുറിച്ചും സംഘടനയെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമൊക്കെയുള്ള നല്ല അഭിപ്രായങ്ങള്‍ എവിടെയുമെത്തില്ല. വിമര്‍ശനങ്ങളാകട്ടെ എളുപ്പത്തില്‍ വ്യാപിക്കുന്നു. മികച്ച നന്മകള് ധാരാളമുണ്ടായിരിക്കെത്തന്നെ ചെറിയ പോരായ്മകള്‍ കണ്ടുപിടിച്ച് പ്രചരിപ്പിക്കാനും വിമര്‍ശിക്കാനുമുള്ള ധൃതി സമൂഹത്തിലാകെ കുഴപ്പങ്ങള്‍ സൃഷ്ടിക്കുക മാത്രമേയുള്ളൂ. നല്ലതു കാണുന്ന കണ്ണുകള്‍ എത്രയോ മികച്ച സൗഭാഗ്യമാണ്. സദ്ഗുണങ്ങളെ പ്രശംസിക്കാന്‍ മടിക്കുന്നവര്‍ ദുര്‍ഗുണങ്ങളെ പ്രചരിപ്പിക്കാന്‍ ഒരു മടിയും കാണിക്കാറില്ല. അവരോടാണ് അല്ലാഹു പറഞ്ഞത്: ``വിശ്വസിച്ചവരേ, അധികം ഊഹിക്കുന്നത് നിങ്ങള്‍ ഒഴിവാക്കുക. മിക്ക ഊഹങ്ങളും കുറ്റമാവുന്നു. ചുഴിഞ്ഞന്വേഷിക്കുകയുമരുത്. ഒരാളും മറ്റൊരാളെക്കുറിച്ച് പരദൂഷണം പറയരുത്...'' (അല്‍ഹുജുറാത്ത് 12)
നാം ചുഴിഞ്ഞന്വേഷിക്കേണ്ടത് നമ്മുടെ തന്നെ ജീവിതത്തെയാണ്. കുറ്റവും കുറവും കണ്ടെത്തി പരിഹരിക്കേണ്ടതും സ്വന്തം ജീവിതത്തില്‍ തന്നെ. മറ്റുള്ളവരുടെ തെറ്റുകള്‍ക്കെല്ലാം മാപ്പു നില്കിയാലും സ്വന്തം തെറ്റുകള്‍ക്ക് വേഗം മാപ്പുനല്കരുത്. കടുത്ത വിമര്‍ശനങ്ങള്‍ വേണ്ടത് അവനവനു തന്നെയാണ്. തിരുനബി(സ) പറഞ്ഞിട്ടുണ്ട്: ``സ്വന്തം ന്യൂനതകള്‍ അന്വേഷിച്ചുനടന്നതിനാല്‍ മറ്റുള്ളവരുടെ ന്യൂനതകള്‍ കാണാതെ പോയവര്‍ക്ക് മംഗളങ്ങള്‍!'' (ശുഅബുല്‍ ഈമാന്‍ 10563)
ഇബ്നു അബ്ബാസ് ഉണര്‍ത്തുന്നു: ``കൂട്ടുകാരന്റെ ന്യൂനതകള്‍ പറയണമെന്ന് ആഗ്രഹം തോന്നുമ്പോള്‍ സ്വന്തം ന്യൂനതകളെക്കുറിച്ച് ചിന്തിക്കുക.'' (ഇബ്നു അബിദ്ദുന്യാ, -സുമ്ത്ത് 178)
അംറുബ്നു ഉത്ബ(റ) പറയുന്നു: ``അനാവശ്യ സംസാരം പറയുന്നതില്‍ നിന്ന് നിന്റെ നാവിനെയും അത് കേള്‍ക്കുന്നതില്‍ നിന്ന് നിന്റെ കാതുകളെയും കാത്തുസൂക്ഷിക്കുക. കാരണം, നിഷിദ്ധ സംസാരം കേള്‍ക്കുന്നതും പറയുന്നതും തെറ്റാണ്.'' (സുമ്ത്ത് 179)
അന്യരുടെ പോരായ്മകള്‍ തിരുത്തേണ്ടത് എങ്ങനെയാണെന്ന് തിരുനബി മാതൃക കാണിച്ചിട്ടുണ്ട്. സ്നേഹത്തോടെ, സ്വകാര്യമായി അയാളോടു തന്നെ അത് പറയുന്നതാണ് തിരുനബിയുടെ രീതി. ഒരാളെക്കുറിച്ച് ``അയാള്‍ വലിയ ഉറക്കക്കാരനാണ്'' എന്ന് പറഞ്ഞ സ്വഹാബിയെയും അതു കേട്ടിട്ടും തിരുത്താന്‍ ശ്രമിക്കാതിരുന്ന സ്വഹാബിയെയും തിരുനബി(സ) കടുത്ത ഭാഷയില്‍ ചോദ്യം ചെയ്യുകയുണ്ടായി. ഓരോരുത്തരുടെയും അഭിമാനത്തെ ആദരിച്ചുകൊണ്ടു മാത്രം സംസാരിക്കണമെന്നായിരുന്നു അവരോടുള്ള താക്കീത്. ഇനിയുമെത്രയോ പോരായ്മകള്‍ പരിഹരിക്കപ്പെടാനുള്ളവരാണ് നമ്മളൊക്കെ. ``എന്റെ പോരായ്മകള്‍ നീ എനിക്ക് പരഹരിച്ചു തരേണമേ'' എന്ന് ഓരോ നമസ്കാരത്തിലും സുജൂദുകള്‍ക്കിടയിലിരുന്ന് നാം പ്രാര്‍ഥിക്കുന്നു. നമ്മുടെ പോരായ്മകള്‍ നമുക്കറിയില്ല. ഗുണങ്ങള്‍ മാത്രമേ നമ്മില്‍ നാം കണ്ടിട്ടുള്ളൂ. പോരായ്മകള്‍ അറിയുന്നവന് അല്ലാഹുവാണ്.
നല്ലതു പറയാന്‍ മാത്രമേ സംസാരിക്കാവൂ എന്നു പോലും തിരുനബി താക്കീതുചെയ്തു. ``അല്ലെങ്കില്‍ മിണ്ടാതിരിക്കുക'' എന്നും പറഞ്ഞു (ബുഖാരി 6:36). ഉമറുബ്നു അബ്ദില്‍ അസീസിന്റെ ഒരു വചനമുണ്ട്: ``പെരുമ പറച്ചിലോ ഊറ്റ പ്രകടനമോ വന്നുപോകുമോ എന്നു പേടിച്ചാണ് ഞാന്‍ അധിക സംസാരവും ഒഴിവാക്കുന്നത്.'' (ത്വബ്ഖാതുബ്നു സഅദ് 5:368)
ഇമാം ഹസനുല്‍ ബസ്വരി പഠിപ്പിക്കുന്നു: ``ബുദ്ധിശാലിയുടെ നാവ് അയാളുടെ ഹൃദയത്തിലായിരിക്കും. സംസാരിക്കാനുദ്ദേശിക്കുമ്പോള്‍ ഹൃദയത്തോട് അയാള്‍ സമ്മതം ചോദിക്കും. അനുവദിച്ചാല്‍ സംസാരിക്കും. ഇല്ലെങ്കില്‍ മിണ്ടാതിരിക്കും. അവിവേകിയുടെ ഹൃദയം അയാളുടെ നാവിനു പിറകിലായിരിക്കും. ഹൃദയത്തിലേക്കു തിരിഞ്ഞുനോക്കുകയേയില്ല. നാവിലെന്തു വന്നുവോ അത് വിളിച്ചുപറയും.'' (കിതാബുസ്സുഹ്ദ് 389)
തിരുനബി(സ)യുടെ ഒറ്റ വചനം മതി, വാക്കുകള്‍ക്കെല്ലാം നിയന്ത്രണം വരാന്‍: ``ആരുടെ സംസാരം അധികമായോ അയാളുടെ വീഴ്ചകളും അധികമാകും. വീഴ്ചകള്‍ അധികമായാല്‍ കുറ്റങ്ങള്‍ വര്‍ധിക്കും. കുറ്റങ്ങള്‍ പെരുകിയാല്‍ നരകാവകാശിയുമായിത്തീരും'' (ത്വബ്റാനി -ഔസത്ത് 73)
തെറ്റു ചെയ്തതിന്റെ പേരില്‍ ഒരാള്‍ മറ്റൊരാളെ പരിഹസിച്ചാല്‍, ആ തെറ്റ് അയാളും ആവര്‍ത്തിച്ചിട്ടല്ലാതെ അല്ലാഹു അയാളെ മരിപ്പിക്കുകയില്ല എന്ന് തിരുനബി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് (തിര്‍മിദി 2506). ഒരാളില്‍ പോരായ്മകള്‍ കണ്ടിട്ടും അതു പരസ്യപ്പെടുത്താതിരുന്നാല്‍ നമ്മുടെ പോരായ്മകള്‍ അല്ലാഹുവും മറച്ചുവെക്കുമെന്ന് തിരുനബി(സ) സന്തോഷവാര്‍ത്തയറിയിച്ചു. സമൂഹത്തിന്റെ സുരക്ഷിതത്വത്തിനുള്ള മികച്ച മാര്‍ഗമാണ് സ്നേഹത്തിന്റെ റസൂല്‍ പഠിപ്പിച്ചുതന്നത്.
വിമര്‍ശനങ്ങള്‍ പോലും സ്നേഹത്തോടെയുള്ള സദുപദേശങ്ങളാകണം. അല്ലെങ്കില്‍ അന്യന്റെ കുറ്റങ്ങള്‍ ഉറക്കെപ്പറയുമ്പോള്‍ നമ്മുടെ കുറ്റങ്ങള്‍ ഉള്ളില്‍ ചിരിക്കും. നമുക്കൊക്കെ കൂടുതല്‍ പരിചയമുള്ളത് നമ്മെത്തന്നെയാണല്ലോ. പരിഹാരം വേണ്ടത് സ്വന്തത്തില്‍ തന്നെയാണെന്ന് നമുക്ക് വേണ്ടുവോളമറിയാം. എങ്കില്‍ നമ്മുടെ ചൂണ്ടുവിരല്‍ സ്വന്തത്തിനു നേരെ തിരിയട്ടെ.
_______________________________________________________________________________
അമലുകള്‍ മതിയോ?
അബ്ദുല്‍വദൂദ്
ഞങ്ങളുടെ നാട്ടിലൊരു സുഹൃത്തുണ്ട്. കാര്യമായ സമ്പാദ്യമൊന്നുമില്ലെങ്കിലും ഉള്ളതുകൊണ്ട് പുണ്യംനേടുന്ന ഭക്തനാണദ്ദേഹം. നാട്ടിലെ പാവങ്ങളെയും പട്ടിണിക്കാരെയും കണ്ടെത്തി സഹായിക്കും. സഹായം ലഭിക്കുന്നവര്‍ക്കു പോലും ചിലപ്പോള്‍ അദ്ദേഹത്തെ അറിയില്ല. അത്രയും സ്വകാര്യമായാണ് സല്‍പ്രവര്‍ത്തനങ്ങള്‍. കഴിഞ്ഞ ദിവസം അദ്ദേഹത്തോടൊപ്പം സംസാരിച്ചുകൊണ്ടിരിക്കേ, ചിലര്‍ ഈ സഹായത്തെക്കുറിച്ച് അറിഞ്ഞിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞു. ആരെയും അറിയിക്കരുതെന്നും മറ്റുള്ളവര്‍ അറിഞ്ഞുതുടങ്ങിയാല്‍ ഭക്തിയും ആത്മാര്‍ഥതയും നഷ്ടപ്പെടുമെന്നും പറഞ്ഞ് അദ്ദേഹം സങ്കടത്തിലായി. അന്നത്തെ ഒരു പത്രം നിവര്‍ത്തി ഒരു ചിത്രം കാണിച്ചുതന്നു. വൃക്കരോഗികള്‍ക്കു സഹായം നല്കുന്ന ഒരു മതസംഘടനയുടെ ചിത്രം. സംഘടനയുടെ സകല നേതാക്കളും പുഞ്ചിരിച്ചു നില്ക്കുന്ന നെടുനീളന്‍ ചിത്രം! സാധുവായ ആ മനുഷ്യന്റെ മുന്നില്‍ ലജ്ജകൊണ്ട് തലകുനിഞ്ഞുപോയി.
വീണ്ടും വീണ്ടും നമ്മള് പുനപ്പരിശോധിക്കേണ്ട കാര്യമിതാണ്: നമ്മുടെ കര്‍മങ്ങളുടെ ലക്ഷ്യമെന്താണ്? ഭൗതിക കൗതുകങ്ങളുടെ മുന്നില്‍ പുഞ്ചിരിച്ചുനില്ക്കുന്ന അല്പന്മാരാകാന് മറ്റുള്ളവരെപ്പോലെ നമ്മളും മത്സരിക്കുന്നുണ്ടോ? അതീവ സ്വകാര്യമായി സല്കര്മങ്ങളില് മുഴുകുന്ന ആ പാവം മനുഷ്യനെപ്പോലെ കുറേപ്പേരുടെ കൂട്ടായ്മയാകേണ്ടതിനു പകരം, പത്രശ്രദ്ധയും പബ്ലിസിറ്റിയും കൊതിക്കുന്നവരാകുമ്പോള് അദ്ദേഹത്തെപ്പോലുള്ളവരുടെ മുന്നില്‍ നമ്മള് വല്ലാതെ ചെറുതായി പോകുന്നില്ലേ? പണം തന്നവരെ ബോധ്യപ്പെടുത്താനാണെങ്കില്‍ ചെറിയൊരു വാര്ത്തയിലൊതുക്കാമായിരുന്നു. നമ്മുടെ മനസ്സ് ശുദ്ധമാണെങ്കിലും തെറ്റായ കീഴ്വഴക്കങ്ങള്‍ക്ക് അതു കാരണമായേക്കാം. പക്ഷേ, നമ്മുടെ ഉള്ളിലും പാടില്ലാത്ത കൗതുകങ്ങള്‍ കൂടുകൂട്ടുന്നുണ്ടോ?
അല്ലാഹുവിങ്കലേക്ക് മടങ്ങിച്ചെല്ലേണ്ടി വരുമല്ലോ എന്ന് പേടിച്ച് വിറച്ച് ദാനങ്ങള്‍ ചെയ്യുന്നവരെക്കുറിച്ചുള്ള ഖുര്‍ആന്‍ വചനത്തെക്കുറിച്ച് (അല്‍മുഅ്മിനൂന്‍ 60) ആഇശ(റ) തിരുമേനിയോട് ഒരു സംശയം ചോദിക്കുന്നുണ്ട്. തിരുനബി(സ) നല്കുന്ന മറുപടി ഇങ്ങനെയായിരുന്നു: ``അബൂബക്റിന്റെ മകളേ, നോമ്പെടുക്കുകയും നമസ്കരിക്കുകയും ദാനം നല്‍കുകയും ചെയ്യുമ്പോഴും അതൊന്നും അല്ലാഹു സ്വീകരിക്കുകയില്ലേ എന്ന് ഭയക്കുന്നവരാണവര്‍!'' (തിര്‍മിദി -ജാമിഅ് 3174)
വേണ്ടുവോളം ആത്മാര്‍ഥതയുണ്ടായിട്ടും വല്ല പിശകും വന്നാല്‍ എല്ലാം വിഫലമായിത്തീരുമോ എന്ന അശങ്കയാണ് വിശ്വാസികളിലുണ്ടാകേണ്ടത്. എത്രയും രഹസ്യമാവുക തന്നെയാണ് അതിനുള്ള പോംവഴി. പരസ്യമായി ചെയ്യേണ്ട നമസ്കാരത്തിലെ ആത്മാര്‍ഥതയെക്കുറിച്ച് അല്ലാഹുവും റസൂലും കൂടുതല്‍ ഓര്‍മിപ്പിച്ചതും അതുകൊണ്ടാണല്ലോ.
അലി(റ)യുടെ പൗത്രന് സൈനുല്‍ആബിദീന്റെ മയ്യിത്ത് കുളിപ്പിക്കുന്നവര്‍ അദ്ദേഹത്തിന്റെ മുതുകില്‍ ഒരു വലിയ തഴമ്പ് കണ്ടുവത്രെ. ഭാര്യക്ക് പോലും അതിന്റെ കാരണം മനസ്സിലായില്ല. ഒരാഴ്ച കഴിഞ്ഞപ്പോള്‍ അന്നാട്ടില്‍ പാവങ്ങള്‍ താമസിക്കുന്ന പ്രദേശത്ത് പട്ടിണി പരന്നു. അതുവരെ ആരാണ് അവര്‍ക്ക് ഭക്ഷണമെത്തിച്ചത്? അപ്പോഴാണ് സൈനുല്‍ ആബിദീന്റെ മുതുകിലെ തഴമ്പിന് കാരണം കണ്ടെത്തിയത്! ഇതാണ് ആത്മാര്‍ഥത. പാതിരാവില്‍ പാവങ്ങളുടെ വാതില്‍പ്പടിയില്‍ ഭക്ഷണമെത്തിച്ച ഭക്തിയാണത്. ആ ഓര്‍മയുടെ മുന്നിലാണ് നമ്മള് ചെറുതായിപ്പോകുന്നത്.
അല്ലാഹുവിനെക്കുറിച്ച പ്രതീക്ഷയാണ് നമ്മുടെയുള്ളില്‍ നിറയേണ്ടത്. പ്രലോഭനങ്ങളുടെ മുന്നിലൊന്നും പതറിപ്പോകാത്ത സുദൃഢമായ ലക്ഷ്യബോധമാണത്. അതുകൊണ്ടേ കാര്യമുള്ളൂ. അമലുകള്‍ അല്ല നമുക്കുവേണ്ടത്. അമലുസ്സ്വാലിഹാത്തുകളാണ്. അത് എളുപ്പം സാധിക്കുന്നതല്ലല്ലോ.
ഇമാം ഹസന് ബസ്വരി പറയുന്നു: ``ചില സ്വഹാബികളെ ഞാന്‍ കണ്ടിട്ടുണ്ട്. അവരുടെ സല്‍കര്‍മങ്ങള്‍ അല്ലാഹു സ്വീകരിക്കുകയില്ലേ എന്ന് ആശങ്കിക്കുന്നവരായിരുന്നു അവരെല്ലാം. പാപങ്ങളുടെ പേരില്‍ ശിക്ഷിക്കപ്പെടുമല്ലോ എന്ന് നിങ്ങള്‍ പേടിക്കുന്നതിലേറെ!'' (ഖുര്‍ത്വുബി- ജാമിഉഅഹ്കാമില് ഖുര്‍ആന്‍ 12:132)
``ജനങ്ങളേ നിങ്ങളില്‍ ഇന്ന വ്യക്തിയൊഴിച്ച് ബാക്കിയുള്ളവരെല്ലാം സ്വര്‍ഗത്തില്‍ പ്രവേശിച്ചോളൂ'' എന്ന് പറയപ്പെടുമ്പോള്‍ ഒഴിച്ചുനിര്‍ത്തപ്പെട്ട വ്യക്തി ഞാനായിരിക്കുമോ എന്നാണെന്റെ പേടി'' എന്ന് ഉമര്‍ഫാറൂഖ്(റ) പോലും ആശങ്കിക്കുന്നുണ്ട്. (അബൂനഈം -ഹില്യതുല് ഔലിയാ 75)
നല്ല പ്രവര്‍ത്തനങ്ങള്‍ എത്ര ചെയ്താലും നമുക്ക് മതിവരരുത്. കര്‍മങ്ങള്‍ വീണ്ടും വീണ്ടും പരിശോധിക്കപ്പെടണം. ലക്ഷ്യബോധവും ആത്മാര്‍ഥതയും കണിശമായി നിര്‍ണയിക്കപ്പെടണം. ഇല്ലെങ്കില്‍ നഷ്ടം നമുക്കു തന്നെയായിരിക്കും. ``അവരുടെ കര്‍മങ്ങള്‍ അല്ലാഹു അവര്‍ക്ക് കാണിച്ചുകൊടുക്കും. അതവര്‍ക്ക് സങ്കടത്തിന് കാരണമാകും.'' (2:167) ഈ വചനം ഇനിയുമിനിയും നമ്മെ അസ്വസ്ഥരാക്കട്ടെ.
____________________________________________________________________________
സ്വാര്‍ഥരാവുക
അബ്ദുല്‍വദൂദ്
അതെ, സ്വാര്‍ഥരാവുക. സ്വാര്‍ഥരാകാന്‍ പാടില്ലാത്തവരാണ് നാം. വ്യക്തിപരമായ ഇഷ്ടങ്ങളില്‍ ഒട്ടും സ്വാര്‍ഥതയില്ലാതെ ജീവിക്കാനാണ് നമുക്കുള്ള നിര്‍ദേശം. പക്ഷേ, നാം കടുത്ത സ്വാര്‍ഥരാകേണ്ട ഒരു വിഷയം നമ്മുടെയെല്ലാം ജീവിതത്തിലുണ്ട്; അത് നമ്മുടെ പരലോകമാണ്. പരലോകത്തിന്റെ കാര്യത്തില്‍ എത്ര സ്വാര്‍ഥമാകാന്‍ സാധിക്കുന്നുണ്ടോ അത്രയും വിജയം നമ്മുടെ കൂടെ പോരും.
വ്യക്തിപരമായ ഇഷ്ടങ്ങളിലും നിലപാടിലും ഏറ്റവും കര്‍ക്കശമായ സമീപനം പുലര്‍ത്താന്‍ സാധിക്കേണ്ടതും പരലോകത്തിന്റെ കാര്യത്തിലായിരിക്കണം. ഭൗതിക കാര്യങ്ങളില്‍ എത്ര തന്നെ വിട്ടുവീഴ്ചയും മറ്റുള്ളവര്‍ക്കുള്ള പരിഗണനയും നല്കാന് സാധിച്ചാലും പരലോകത്തിലേക്കുള്ള വിഷയങ്ങളില്‍ അതൊന്നും ഒട്ടും നമ്മെ സ്വാധീനിക്കരുത്.
തനിച്ചിരുന്ന് കരയുന്ന ആഇശ(റ)യോട് തിരുനബി(സ) കാരണമന്വേഷിച്ചപ്പോള്‍ അവര്‍ പറഞ്ഞു: ``നരകത്തെക്കുറിച്ചോര്‍ത്ത് കരഞ്ഞതാണ് റസൂലേ; അന്ത്യനാളില്‍ അങ്ങ് അങ്ങയുടെ കുടുംബത്തെ ഓര്‍ക്കുമോ?''
ഈമാന്‍ സ്വാധീനിക്കുമ്പോള്‍ മനസ്സില്‍ നിന്നുയരുന്ന ചോദ്യമാണിത്. തിരുനബി(സ)യുടെ മറുപടി പക്ഷേ, ആഇശാബീവിക്ക് ഒട്ടും പ്രതീക്ഷ നല്കുന്നതായിരുന്നില്ല. ``ആഇശാ, മൂന്ന് സന്ദര്‍ഭങ്ങളില്‍ ഒരാളും മറ്റൊരാളെ ഓര്‍ക്കില്ല. നന്മതിന്മകള് തൂക്കുന്ന തുലാസിനടുത്ത് വെച്ച് -തന്റെ തുലാസ് ഭാരം കുറയുമോ കൂടുമോ എന്ന ഭയമായിരിക്കും ഓരോരുത്തര്‍ക്കും. കര്‍മപുസ്തകങ്ങള്‍ കൊണ്ടുവരുമ്പോള്‍ -വലതുകൈയിലാണോ ഇടതുകൈയിലാണോ പിന്നിലൂടെയാണോ അത് നല്കപ്പെടുക എന്നറിയുന്നതു വരെ. നരകത്തിന് അഭിമുഖമായി പാലം വെക്കപ്പെടുമ്പോള്‍ -അത് മുറിച്ചുകടക്കുന്നതു വരെ.'' (അബൂദാവൂദ് 4755)
പ്രപഞ്ചത്തിന്റെ എല്ലാ സംവിധാനങ്ങളും തകിടം മറിയുന്ന അന്ത്യനാളില്‍ ബന്ധങ്ങളുടെ ശക്തമായ ചരടുകളും തകര്‍ന്നുപോകുന്നു. കൊച്ചുകുഞ്ഞുങ്ങളെപ്പോലും നര ബാധിക്കുന്ന, ഭാരമേറിയ ആ ദിനത്തില്‍ (അദ്ദഹ്ര് 27, മുസ്സമ്മില് 17) ഓരോരുത്തര്‍ക്കും അവരുടെ കര്‍മങ്ങള്‍ മാത്രം തുണയ്ക്കെത്തുന്നു. ഇഷ്ടങ്ങളും സൗഹൃദങ്ങളും ബന്ധങ്ങളുമെല്ലാം തട്ടിത്തെറിപ്പിച്ച് സ്വന്തം നേട്ടത്തിന്ന് മാത്രമായി ഓടിപ്പായുന്ന ആ ദിനം ഓര്‍ക്കും തോറും ഹൃദയത്തില്‍ ഭയത്തിന്റെ തീനാളങ്ങള്‍ പടര്‍ന്നുകയറുന്നു!
നാം ഓരോരുത്തരും ഏറ്റവും സ്വാര്‍ഥരാകുന്ന നിമിഷമാണ് വിചാരണയുടെ നിമിഷം. വെയിലുകൊണ്ടും വിയര്‍പ്പൊഴുക്കിയും നാം വളര്‍ത്തിയെടുത്ത മക്കളോ കുടുംബമോ നമ്മെ തിരിഞ്ഞുനോക്കുന്നില്ല. നമുക്കും ആരെയും വേണ്ട. ആര്‍ക്കും ആരെയും ആവശ്യമില്ല. ശരി. അന്നു നമ്മള് സ്വാര്‍ഥരായിപ്പോകും. എങ്കില്‍ ആ ദിവസത്തിനു വേണ്ടി ഇന്നും നമ്മള് സ്വാര്‍ഥരായേ പറ്റൂ.
മാരകരോഗം ബാധിച്ച് ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയ ഒരാളെ കണ്ടുമുട്ടി. നിറഞ്ഞ കണ്ണുകളോടെ കൈ മലര്‍ത്തി അയാള്‍ പറഞ്ഞതിങ്ങനെയായിരുന്നു: ``കുറെ നല്ല കാര്യങ്ങള്‍ ചെയ്യാമായിരുന്നു. ചെയ്തില്ല. മക്കളെന്നും കുടുംബമെന്നും പറഞ്ഞ് പണമുണ്ടാക്കാന്‍ തിരിഞ്ഞു. ഒക്കെ തിരിച്ചറിഞ്ഞപ്പോഴേക്ക് എന്റെ സമയവുമിതാ തീര്‍ന്നു...''
അലസജീവിതം നയിക്കുന്നവര്‍ക്കുള്ള താക്കീതാണിത്. ഏറെ ഗൗരവമുള്ള കാര്യങ്ങളില്‍ നിന്ന് അകറ്റിനിര്‍ത്തി കൊച്ചു കാര്യങ്ങളിലേക്ക് മനസ്സിനെ വ്യാപിപ്പിക്കുന്നത് പിശാചിന്റെ സൂത്രമാണ്. പക്ഷേ, നമ്മുടെ കാര്യത്തില്‍ കൂടുതല്‍ വിജയിക്കുന്നത് പിശാചാണ്.
ഉമര്‍(റ) മരണപ്പെട്ടപ്പോള്‍ മുആവിയ(റ) പറഞ്ഞതിങ്ങനെയായിരുന്നു: ``അബൂബക്ര് ദുനിയാവിനെ ആഗ്രഹിച്ചില്ല. ദുന്യാവ് അബൂബകറിനെയും ആഗ്രഹിച്ചില്ല. ഉമറിന്റെ മുമ്പില്‍ ദുന്യാവ് കുന്നുകൂടിയെങ്കിലും ഉമര്‍ തിരിഞ്ഞുനോക്കിയില്ല. നമ്മളോ, അകവും പുറവും ദുന്യാവില് മുങ്ങിയിരിക്കുകയാണ്.''
നമ്മുടെ കാലത്ത് കൂടുതല്‍ ശരിയായ സത്യമാണിത്. പരലോകം നമ്മുടെ ഹൃദയത്തെ ഇനിയും കീഴടക്കിയിട്ടില്ല. ആ വിചാരം ജീവിതമേഖലകളെ ഇനിയും വേണ്ട വിധം സ്വാധീനിച്ചിട്ടില്ല. അതിന്റെ പോരായ്മകള്‍ അകത്തും പുറത്തും വേണ്ടുവോളം കാണുന്നുണ്ട്.
ഉമര്‍(റ) അസാധാരണ മാതൃകയാണ്. പരലോകബോധം ഹൃദയത്തിലുള്‍ച്ചേര്‍ന്നതിന്റെ സാക്ഷ്യമായിരുന്നു ആ ജീവിതം. ``നിന്റെ നാഥന്റെ ശിക്ഷ സംഭവിക്കുക തന്നെ ചെയ്യും. അതു തടയാന്‍ ആര്‍ക്കും സാധ്യമല്ല'' എന്ന ഖുര്‍ആന്‍ വചനം ആദ്യമായി കേട്ട ഉമര്‍, തലചുറ്റി വീണു. മൂന്ന് ആഴ്ചയോളം പനിച്ചുകിടുന്നു. അങ്ങാടിയിലൂടെ നടക്കുമ്പോഴും ഉമറിന്റെ ചുണ്ടില്‍ ഈ ഖുര്‍ആന്‍ വചനമായിരുന്നു. പ്രാര്‍ഥനാസമയത്ത് കൊച്ചുകുഞ്ഞിനെപ്പോലെ വിതുമ്പിക്കരഞ്ഞു. ആ മുഖത്ത് കണ്ണീരൊഴുകിയ പാടുകളുണ്ടായിരുന്നുവത്രെ.
പരലോകം എത്രയാണോ മനസ്സില്‍ വേരുപിടിക്കേണ്ടത്, അത്രയും വേരുപിടിച്ചത് ഇഹലോകമായിരിക്കുന്നു. സുഖങ്ങള്‍ മതിവരാത്ത മനസ്സും ആര്‍ത്തിയൊടുങ്ങാത്ത ജീവിതവും പൂതി തീരാത്ത പണമോഹവും ആത്മാര്‍ഥത നഷ്ടപ്പെട്ട് കര്‍മങ്ങളും ഭൗതികനേട്ടം കൊതിക്കുന്ന മതപ്രവര്‍ത്തനങ്ങളും സംഭവിക്കുന്നത് അതുകൊണ്ടാണ്.
അല്ലാഹുവിനെക്കുറിച്ചോര്‍ക്കുമ്പോള്‍ ഭയം കവിയുന്ന ഹൃദയവും പരലോകത്തെപ്പറ്റി ഓര്‍ക്കുമ്പോള്‍ വിതുമ്പുന്ന മനസ്സും നമ്മുടെ സമ്പാദ്യമാകട്ടെ.
______________________________________________________________________________-
ബര്‍കത്തുള്ള ജീവിതം
അബ്ദുല്‍വദൂദ്
എപ്പോഴാണ് ജീവിതത്തില്‍ ബര്കത്തുണ്ടാകുന്നത്? നല്ല ആരോഗ്യവും ധാരാളം സമ്പത്തും ശക്തരായ മക്കളുമാണോ ജീവിതത്തിന്റെ ബര്‍കത്ത്? അങ്ങനെ വിചാരിച്ച് സമാധാനിക്കുന്നവരാണ് അധിക പേരും.
പക്ഷേ, രോഗങ്ങളില്ലാത്ത ശരീരമുണ്ടായിട്ടും ആ ശരീരം കുറേക്കാലം ജീവിച്ചിട്ടും പ്രത്യേകിച്ചൊന്നും ചെയ്തുവെക്കാതെയും ബാക്കിയാക്കാതെയും എത്രയോ ആളുകള്‍ മരിച്ചുതീരുന്നു. സംതൃപ്തമായ സാമ്പത്തികാവസ്ഥയുണ്ടായിട്ടും ആ പണം കൊണ്ട് കാര്യമായതൊന്നും ചെയ്തുവെക്കാതെ എത്രയോ പേരുടെ ജീവിതം തീരുന്നു. ലക്ഷക്കണക്കിന് സമ്പത്ത് കൈയിലൂടെ വന്നുപോയിട്ടും എവിടെ, എങ്ങനെ ആ പണം തീര്‍ന്നുവെന്ന് സങ്കടപ്പെടുന്നവരുണ്ട്. സമയത്തിന്റെ സ്ഥിതിയും അങ്ങനെ തന്നെ. ഒഴിവുവേളകള്‍ വേണ്ടത്ര കിട്ടിയിട്ടും പ്രസക്തമായ യാതൊന്നും അതുകൊണ്ട് നിര്‍വഹിക്കാന്‍ സാധിക്കാത്ത എത്രയോ പേരുണ്ട്. ശേഷിയുള്ള മക്കളുണ്ടായിട്ടും ആഗ്രഹിച്ച വിധം അവരെ ഉപയോഗപ്പെടുത്താന്‍ കഴിയാത്തവരും എമ്പാടുമുണ്ട്.
അപ്പോള്‍ എന്താണ് ജീവിതത്തിന്റെ ബര്‍കത്ത്? ജീവിതാനുഗ്രഹങ്ങളിലെല്ലാം അല്ലാഹു ബര്‍കത്ത് ചൊരിയുന്നതെപ്പോഴാണ്? നമ്മള് വിചാരിക്കുന്നതിനുമപ്പുറത്ത് അല്ലാഹുവിന്റെ ചില കണക്കുകളുണ്ട്. അവന്റെ കുറേ നിബന്ധനകളുണ്ട്. അതുകൂടി നമ്മോടൊപ്പം വന്നുചേരുമ്പോഴേ ബര്‍കത്തുള്ള ജീവിതം വന്നുചേരൂ.
രണ്ട് ഉദാഹരണങ്ങള്‍ പറയാം: സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ മരണപ്പട്ടാല്‍ അവരുടെ കുടുംബത്തെ സഹായിക്കുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് ആദ്യം പുറത്തുവരിക. മക്കളുടെ പഠനം ചിലര്‍ ഏറ്റെടുത്തു. കടം വീട്ടാന്‍ സഹായനിധി രൂപീകരിച്ചു. ഇങ്ങനെയൊക്കെ കേള്‍ക്കാം. വേണ്ടത്ര പണവും വേണ്ടതിലേറെ പ്രശസ്തിയുമൊഴുകുന്ന മേഖലയാണ് സിനിമ. അത്രയും പണം കൈയില്‍ വന്നുപോയിട്ടും എന്തേ, അത് ജീവിതത്തില്‍ തങ്ങി നിന്നില്ല? ഈ അനുഭവം ആ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്തനായൊരാള്‍ തുറന്നുപറഞ്ഞിട്ടുണ്ട്.
ലോട്ടറി കിട്ടിയ പണം കൊണ്ട് വീടുവെച്ച് ജോലിനേടി മക്കളെ പഠിപ്പിച്ച ഒരാളുടെ അനുഭവം മുന്നിലുണ്ട്. പിതാവിന്റെ പണം കൊണ്ട് പഠിച്ചുവളര്‍ന്ന് ജോലി നേടിയ മൂന്നുമക്കളും അയാളെ തിരിഞ്ഞുനോക്കുന്നില്ല. ഭാര്യയുടെ അസുഖം കാരണം ആ വലിയ വീട്ടില്‍ ഒരു രാത്രി പോലും അയാള്‍ സുഖകരമായി കിടുന്നുറങ്ങിയിട്ടില്ല. സംതൃപ്തമായി ജോലി ചെയ്യാനോ സുഖത്തോടെ ജീവിക്കാനോ അയാള്‍ക്ക് ഭാഗ്യം ലഭിച്ചില്ല. ലോട്ടറിപ്പണം ലഭിക്കുന്നതിനു മുമ്പ്, കൂലിവേലക്കാരനായിരുന്ന ആ മനുഷ്യന് സന്തോഷത്തോടെയാണ് ജീവിച്ചിരുന്നത്. ജീവിതത്തില്‍ ബര്കത്തില്ലാതാകുന്നത് ഇങ്ങനെയൊക്കെയാണ്.
അനുഗ്രഹങ്ങള്‍ മാത്രമുണ്ടായാല്‍ പോരാ. അനുഗ്രഹങ്ങള്‍ക്കും അനുഗ്രഹങ്ങള്‍ വേണം. അത് നമ്മള് കാണുന്നതിനും അപ്പുറത്താണ്. ബര്‍കത്ത് എന്നാല്‍ അതാണ്.
അനുഗ്രഹങ്ങളെ നേടിയെടുക്കുന്നതും വിനിയോഗിക്കുന്നതും അല്ലാഹു ഇഷ്ടപ്പെടും വിധത്തിലാവുന്നതാണ് പ്രധാനം. നന്ദിയുള്ളവര്‍ക്ക് അനുഗ്രഹങ്ങള്‍ പെരുകുമെന്ന് അല്ലാഹു വാഗ്ദാനം ചെയ്തിട്ടുണ്ടല്ലോ: ``നിങ്ങള്‍ നന്ദിയുള്ളവരായാല്‍ നിശ്ചമായും ഞാന്‍ നിങ്ങള്‍ക്ക് -അനുഗ്രഹം- വര്‍ധിപ്പിച്ചുതരുന്നതാണ്. നിങ്ങള്‍ നന്ദികേടു കാണിച്ചാല്‍ കഠിനമായിരിക്കും എന്റെ ശിക്ഷ എന്ന് നിങ്ങളുടെ രക്ഷിതാവ് പ്രഖ്യാപിച്ചത് ശ്രദ്ധേയമായ സന്ദര്‍ഭമാണ്.'' (ഇബ്റാഹീം 7)
ധാരാളം ജീവിത സുഖങ്ങളുണ്ടായിട്ടും സന്തോഷമനുഭവിക്കാന്‍ സാധിക്കാത്തവര്ക്കിടയില്, പരിമിതമായ ജീവിതവിഭവങ്ങള്‍ മാത്രമുള്ളപ്പോഴും സന്തോഷഭരിതമായി കഴിയുന്നവരെ നാം ധാരാളം കാണുന്നുണ്ട്. അവിടെയാണ് ബര്കത്തിനെപ്പറ്റി വീണ്ടും വീണ്ടും ചിന്തിക്കേണ്ടത്.
എന്റെ ആരോഗ്യവും പണവും സമയവും അറിവും മക്കളും എനിക്കു മാത്രമുള്ളതല്ല എന്ന് തിരിച്ചറിയുന്നതു മുതലാണ് നമ്മുടെയെല്ലാം ജീവിതത്തില്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹങ്ങള്‍ പെയ്തുതുടങ്ങുക. അന്നു തൊട്ട് നമ്മുടെ ജീവിതത്തില്‍ പുതിയൊരു വെളിച്ചം ലഭിക്കും.
അല്ലാഹുവേ ഞങ്ങളുടെ ജീവിതത്തിലെങ്ങും നിന്റെ ബര്‍കത്ത് ചൊരിയേണമേ.
______________________________________________________________________
സ്നേഹം ചൊരിയുക; ഹൃദയത്തിലിടം നേടുക
അബ്ദുല്‍വദൂദ്
ഒരു അച്ഛന്റെയും മകന്റെയും കഥയുണ്ട്. അവര്‍ക്ക് പരസ്പരം വലിയ ഇഷ്ടമാണ്. പിരിഞ്ഞിരിക്കാനാവാത്തത്ര വലിയ കൂട്ടുകെട്ട്. ചങ്ങാതിമാരെപ്പോലെ ഒന്നിച്ച് നടക്കും. പക്ഷേ, അച്ഛനൊരു മുന്‍കോപിയാണ്. ദേഷ്യം വന്നാല്‍ മകനോടു ക്രൂരമായി പെരുമാറും. അങ്ങനെയിരിക്കെ അയാളൊരു പുതിയ കാറു വാങ്ങി. വലിയ വിലയുള്ള സുന്ദരമായ ആ കാര്‍ വീട്ടിലേക്ക് ആദ്യമായി കൊണ്ടുവന്ന ദിവസം അച്ഛനും മകനും കാറില്‍ കയറി യാത്രക്കൊരുങ്ങി. ആ സമയത്താണ് കൈയില്‍ കിട്ടിയ ഒരു ഇരുമ്പു കമ്പി കൊണ്ട് മകന് പുത്തന്‍കാറില്‍ എന്തോ കുത്തിവരച്ചത്. അച്ഛന് കോപം അരിച്ചുകയറി. ദേഷ്യം കൊണ്ട് നിലമറന്ന അയാള്‍ കിട്ടിയ മരക്കമ്പെടുത്ത് മകനെ തുരുതുരാ മര്‍ദിച്ചു. കടുത്ത വേദന കൊണ്ട് പുളഞ്ഞ ആ കുഞ്ഞ് അലറി വിളിച്ചു. കലിയടങ്ങുന്നതു വരെ അച്ഛന് മകനെ തല്ലിച്ചതച്ചു.
പിന്നെയാണ് അറിയുന്നത്, ആ കടുത്ത മര്‍ദനം കാരണം കുഞ്ഞിന്റെ വിരലുകള്‍ ഒടിഞ്ഞുപോയിരിക്കുന്നുവെന്ന്! ഡോക്ടറെ കാണിച്ചിട്ടും ഫലമുണ്ടായില്ല. വലതു കൈയിലെ നാലു വിരലുകള്‍ക്കും ഇനി സ്വാധീനമുണ്ടാവില്ലെന്ന് ഡോക്ടര്‍ ഉറപ്പിച്ചുപറഞ്ഞത് ഞെട്ടലോടെയാണ് ആ പിതാവ് കേട്ടത്. ഉറ്റ ചങ്ങാതിയെപ്പോലെ തന്റെ കൈപ്പിടിച്ച് നടന്നിരുന്ന കുഞ്ഞിന്റെ വിരലുകളോര്‍ത്ത് അയാള്‍ തേങ്ങിക്കരഞ്ഞു. ആരും കാണാതിരിക്കാന്‍ കാറിനുള്ളില്‍ കയറി പൊട്ടിക്കരയുന്നതിനിടെയാണ് ആ കാഴ്ച കണ്ടത്. ഇരുമ്പുകൊമ്പി കൊണ്ട് മകന് കാറിയില്‍ എഴുതിവെച്ചത് ഇങ്ങനെയായിരുന്നു: I love my pappa
അന്യോന്യം മനസ്സിലാക്കുന്നിടത്തു വരുന്ന പോരായ്മയുടെ ദുരന്തമാണിത്. ഒരു നിമിഷത്തെ തെറ്റിദ്ധാരണ പോലും ഒരായുസ്സിന്റെ വേദനയായ നിരവധി സംഭവങ്ങള്‍ നമുക്കോര്‍മയുണ്ട്. ധൃതിയിലെടുക്കുന്ന പല നിലപാടുകളും തീരാത്ത ദുരന്തങ്ങളെ സമ്മാനിച്ചതിനും നിരവധി അനുഭവങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. പലരെയും തിരിച്ചറിയുന്നിടത്ത് സംഭവിച്ച അബദ്ധങ്ങള്‍ പിന്നെയും നമ്മെ മുറിപ്പെടുത്തിക്കൊണ്ടിരിക്കും. നമ്മെ സ്നേഹിക്കുന്നവരെ തിരിച്ചറിയാതിരിക്കലാണ് ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമെന്ന് ഒരിക്കല്‍ നാം തിരിച്ചറിയുക തന്നെ ചെയ്യും.
വെറുപ്പ് മനസ്സിനെ ദുഷിപ്പിക്കും. മറ്റൊരാളെ വെറുക്കും തോറും നമ്മുടെ മനസ്സ് ജീര്‍ണിച്ചുകൊണ്ടിരിക്കും. ഹൃദയത്തില്‍ ആരോടെങ്കിലും വെറുപ്പ് വരുന്നതോടെ നാം സ്വയം നശിച്ചുതുടങ്ങും. വെറുപ്പ് ഒരു ജഡമാണ്. നാമെന്തിന് ജഡം സൂക്ഷിക്കുന്നവരാകണമെന്ന് ഖലീല്‍ ജിബ്രാന് ചോദിക്കുന്നുണ്ട്.
ഒരു സ്വഹാബിയെപ്പറ്റി അദ്ദേഹം സ്വര്‍ഗത്തിലാണെന്ന് തിരുനബി(സ) പറഞ്ഞു. മറ്റു സ്വഹാബികളെല്ലാം അദ്ദേഹത്തിന്റെ ചുറ്റുംകൂടി അതിന്റെ കാരണമന്വേഷിച്ചു. ആ സ്വഹാബി ഇത്രമാത്രം പറഞ്ഞു: എന്റെ മനസ്സില്‍ ആരോടും പകയില്ല. ഒരാളോടും ദേഷ്യമോ വെറുപ്പോ ഇല്ലാതെയാണ് ഞാനുറങ്ങുന്നതും ഉണരുന്നതും ജീവിക്കുന്നതും.''
സര്‍വര്‍ക്കും സ്നേഹം ചൊരിയേണ്ടവരാണ് നമ്മള്. നാനാജാതി മനുഷ്യരും ജന്തുജാലങ്ങളും പക്ഷിമൃഗാദികളും ചെടിയും പൂവും പുല്‍ക്കൊടിയും നമ്മുടെ സ്നേഹം നുകരണം. ഒറ്റപ്പുഞ്ചിരി കൊണ്ട് ഓരോ മനസ്സിലും സ്ഥാനം പിടിക്കണം. അതീവ ലളിതമായും അത്ര തന്നെ താഴ്മയോടും ഓരോ മനുഷ്യനോടും സംസാരിക്കണം. ഒരു പ്രാവശ്യം മാത്രം നമ്മെ കണ്ടവരിലും ഒളിമങ്ങാത്ത ഓര്‍മയായി പ്രശോഭിക്കണം. അന്യരായി ആരുമില്ല; നമ്മള് പരിചയപ്പെടാന്‍ ബാക്കിയുള്ളവരേയുള്ളൂവെന്ന് തിരിച്ചറിയുക. ഇതൊന്നും അത്രയെളുപ്പമല്ലെങ്കിലും ആവുന്നത്ര ഇങ്ങനെയാകേണ്ടവരാണ് നാം. അന്യനെപ്പോലും അനിയനാക്കുന്ന സ്വഭാവശീലമാണത്.
എല്ലാവരെ കുറിച്ചും നല്ലതു വിചാരിക്കുന്നതിലാണ് എല്ലാ നന്മയും നിറയുന്നത്. ആരെ പറ്റിയും ഒരു നിമിഷത്തേക്കു പോലും തെറ്റായി ചിന്തിക്കാതിരിക്കാനുള്ള മനസ്സ് നാം വളര്‍ത്തിയെടുക്കണം. ``നല്ലതു വിചാരിക്കല്‍ നല്ല ആരാധനയാണ്'' എന്ന് തിരുനബി(സ) പഠിപ്പിച്ചിട്ടുണ്ട് (ഇബ്നുഹിബ്ബാന്‍). ``ഒരാളെപ്പറ്റി ചീത്തയായ വല്ല ധാരണയുമുണ്ടായാല്‍ അതേപ്പറ്റി കൂടുതല്‍ അന്വേഷിക്കരുതെന്നും അവിടുന്ന് പറഞ്ഞു'' (ഇബ്നുമാജ). ആഇശാബീവിയെ(റ) പറ്റി അപവാദം പ്രചരിപ്പിച്ചതിനെക്കുറിച്ച് പറയുന്നതിനിടെ ``നിങ്ങളെന്തുകൊണ്ട് നല്ലത് വിചാരിച്ചില്ല'' എന്ന് ഖുര്‍ആന്‍ ചോദിക്കുന്നുണ്ട്. (24:12)
രോഗമാണ് പകരുക. ആരോഗ്യം പകരാറില്ല. ചീത്ത വിചാരങ്ങളും അസത്യവാര്‍ത്തകളും വേഗം പ്രചരിക്കും. മോശമായ മുന്‍വിധികള്‍ക്ക് വേഗം സ്ഥാനം ലഭിക്കും. അങ്ങനെയാണ് പലരെയും നാം തിരിച്ചറിയാതെ പോയത്. തിരുത്താനാവാത്ത പിഴവായി അത്തരം നഷ്ടങ്ങള്‍ നമ്മെ വേട്ടയാടും.
മിഠായിപ്പൊതി അരികില്‍ വെച്ച് പത്രം വായിക്കുകയായിരുന്നു ഒരു സ്ത്രീ. ഇടയ്ക്ക് ആ കവറില്‍ നിന്ന് മിഠായി കഴിക്കുന്നു. അപ്പോഴാണ് മറ്റൊരാള്‍ അവിടെ വന്നിരുന്ന് തന്റെ കവറില്‍ നിന്ന് മിഠായി എടുത്തു കഴിക്കുന്നത്! സ്ത്രീക്ക് അയാളോട് അരിശമായി. വെറുപ്പോടെ അയാളെ നോക്കി. അയാള്‍ പുഞ്ചിരിക്കുക മാത്രം ചെയ്തു. അവസാനത്തെ മിഠായി എടുത്ത് അയാള്‍ അവള്‍ക്കു നേരെ നീട്ടി. അവള് വെറുപ്പോടെ മുഖം തിരിച്ചു. അയാള്‍ എഴുന്നേറ്റുപോയ ശേഷം നോക്കിയപ്പോഴാണ് അറിയുന്നത്, അവളുടെ മിഠായിപ്പൊതി അവിടെ തന്നെയുണ്ട്! അവളിതുവരെ എടുത്ത് കഴിച്ചതു അയാളുടെ മിഠായി ആയിരുന്നു. ലജ്ജയും സങ്കടവും കൊണ്ട് മുഖം കുനിഞ്ഞെങ്കിലും അയാളോട് വെറുപ്പ് തോന്നിയ നിമിഷങ്ങള്‍ തിരുത്താനാവാത്ത തെറ്റായി മുറിപ്പെടുത്തി.
ഒരു നിമിഷത്തേക്കു പോലും ഒരാളോടും വെറുപ്പ് തോന്നാതെ കഴിയാന്‍ നമുക്കാവട്ടെ. ആരെയും വെറുക്കാതെ ഉറങ്ങാനും പുലരാനും ജീവിക്കാനുമായാല്‍ അതു തന്നെയാണ് മികച്ച ആരാധന. വെറുപ്പുകൊണ്ട് ഒന്നും നേടുന്നില്ല. സ്നേഹം കൊണ്ട് പലതും നേടുന്നു.
_________________________________________________________________________
ആര്‍ക്കും നല്കാവുന്ന ഒരു സമ്മാനം
അബ്ദുല്‍വദൂദ്
അപൂര്‍വമായൊരു സമ്മാനം ഭര്‍ത്താവിന് നല്കിയ ഭാര്യയുടെ കഥയുണ്ട്. കിട്ടുന്ന പണമെല്ലാം ധൂര്‍ത്തടിക്കുന്നയാളായിരുന്നു ആ ഭര്‍ത്താവ്. എല്ലാ ദുസ്സ്വഭാവങ്ങളും അയാള്‍ക്കുണ്ട്. പ്രിയതമക്ക് പ്രിയങ്കരമായതൊന്നും അയാളില്‍ നിന്ന് ലഭിക്കാറില്ല. സങ്കടം മാത്രമാണ് ലഭിക്കുന്നതെങ്കിലും അവളുടെ മനസ്സിലെ സ്നേഹം മാഞ്ഞില്ല.
ഭര്‍ത്താവിന്റെ ജന്മദിനം വരാനിരിക്കുന്നു. വിശിഷ്ടമായ ഒരു സമ്മാനം പ്രിയതമന് നല്‍കാനായിരുന്നു അവളുടെ തീരുമാനം. ധാരാളം ദുസ്സ്വഭാവങ്ങള്‍ ഉണ്ടെങ്കിലും അദ്ദേഹത്തില്‍ കണ്ട നല്ല ഗുണങ്ങളെ അവളോര്‍ത്തു. ജന്മദിനമെത്താന്‍ ഒരു മാസം ഇനിയുമുണ്ട്. ഓരോ ദിവസവും ഭര്‍ത്താവിന്റെ ഓരോ നല്ല ഗുണം പേപ്പറിലെഴുതി ഒരു ചില്ലുഭരണിയിലിട്ടു. മാസം പൂര്‍ത്തിയായപ്പോള്‍ ഭരണിയില്‍ മുപ്പത് പേപ്പറുകള്‍! നിറഞ്ഞ പുഞ്ചിരിയോടെ തിളങ്ങുന്ന മുഖത്തോടെ പ്രിയതമന് ആ ഹൃദയസമ്മാനം അവള് നല്കി.
അപൂര്‍വമായ സമ്മാനപ്പൊതി ആശ്ചര്യത്തോടെ തുറന്ന അയാള്‍ ഓരോ കടലാസുകഷ്ണവും വായിച്ചു. എന്തെന്നില്ലാത്ത ആഹ്ലാദമായിരുന്നു ആ ഭര്‍ത്താവിന്. തിന്മ വേണ്ടുവോളം ഉണ്ടായിട്ടും തന്നിലെ നന്മകളെ കാണാന്‍ ശ്രമിച്ച ആ പ്രിയങ്കരിയോടുള്ള പ്രണയവും വാത്സല്യവുമായിരുന്നു ആ മനസ്സില്‍ കവിഞ്ഞത്. തന്റെ ദുസ്സ്വഭാവങ്ങളോരോന്നും അയാളുടെ ഹൃദയത്തെ വേദനിപ്പിച്ചു. പുതിയൊരു വ്യക്തിയാകാനുള്ള തീരുമാനത്തിലേക്കാണ് ആ സമ്മാനപ്പൊതി അയാളെ കൊണ്ടെത്തിച്ചത്. സന്തോഷനിര്‍ഭരമായ പുത്തന്‍ ജീവിതം അവള്‍ക്കും കിട്ടി.
രക്തബന്ധങ്ങളും വ്യക്തിബന്ധങ്ങളും എങ്ങനെയാണ് ഇഴപിരിയാത്ത ഹൃദയബന്ധങ്ങളാവുന്നത് എന്നതിന് നല്ലൊരു പാഠമാണ് ഈ ഭാര്യ കണ്ടെത്തിയ സമ്മാനം. കുറേ ബന്ധങ്ങളുടെ നടുവിലാണ് നമ്മുടെയൊക്കെ ജീവിതം. നമ്മോട് ബന്ധമുള്ള ഓരോ വ്യക്തിയും ഗുണങ്ങളും പോരായ്മകളുമുള്ളവരാണ്. ആ പോരായ്മകളോടെയാണ് നാമവരെ ജീവിതത്തിലേക്ക് സ്വീകരിക്കുന്നത്. പോരായ്മകള്‍ വേണ്ടുവോളമുള്ള നമ്മെ മറ്റുള്ളവരും സ്വീകരിക്കുന്നു. കൂടുതല്‍ ശരിയായ ജീവിതത്തിലേക്ക് വഴികാണിക്കാനുള്ള ശ്രമങ്ങള്‍ ഓരോരുത്തരുടെയും ചുമതലയാണ്. ഇണകള്‍ക്കും സുഹൃത്തുക്കള്‍ക്കും മാതാപിതാക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമൊക്കെ മാതൃകയാക്കാവുന്ന മികച്ച രീതിയാണ് മുകളിലെ കഥയിലെ ഭാര്യയുടേത്.
ഉച്ചത്തിലുള്ള ഉപദേശങ്ങളേക്കാള്‍ ഫലപ്രദമാകുന്നത് നിശബ്ദമായ ഇത്തരം പ്രവര്‍ത്തനങ്ങളായിരിക്കും. അഥവാ, ഇതാണ് യഥാര്‍ഥത്തില്‍ ഉപദേശത്തിന്റെ രീതിയാകേണ്ടത്. തിരുനബി(സ)യുടെ മാതൃക അങ്ങനെയാണ്. തിരുനബിയോട് വാക്കുപാലിക്കാത്ത ഒരാളെയും അതിന്റെ പേരില്‍ കുറ്റപ്പെടുത്തിയിരുന്നില്ല. നിരവധി വര്‍ഷങ്ങള്‍ കൂടെ സഹവസിച്ച അനസി(റ)നോട് ഒരിക്കല്‍ പോലും പരിഭവിച്ചില്ല. നിര്‍ദേശിച്ച പ്രകാരം ചെയ്തില്ലെങ്കില്‍ അക്കാരണത്താല്‍ മുഖം കനപ്പിച്ചില്ല. പക്ഷേ, ആ നിശബ്ദതയായിരുന്നു അവിടുത്തെ ഏറ്റവും വലിയ താക്കീത്. ഒരു കൊച്ചു കുഞ്ഞിന്റെ നന്മ പോലും എടുത്തുപറഞ്ഞ് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. മുന്‍കോപം കൊണ്ട് ആര് എന്തു ചെയ്താലും അസാധാരണ ക്ഷമയോടെ അതിനെ നേരിടും.
ഖലീഫ ഉമറി(റ)ന്റെ പ്രശസ്തമായൊരു ഉപദേശമുണ്ട്: ``നിങ്ങളിലൊരാള്‍ക്ക് തെറ്റു പറ്റിയാല്‍ അയാളെ ആ തെറ്റില്‍ നിന്നും പിടിച്ചെഴുന്നേല്പിക്കാനും നേര്‍മാര്‍ഗത്തില്‍ നടത്താനുമാണ് ശ്രദ്ധിക്കേണ്ടത്. ചെയ്ത തെറ്റിന്റെ പേരില്‍ അയാളില്‍ പശ്ചാത്താപ വികാരം ഉണരാനും അല്ലാഹു അയാള്‍ക്ക് പൊറുത്തുകൊടുക്കാനും വേണ്ടി നിങ്ങള്‍ പ്രാര്‍ഥിക്കുക.'' (ശുഅബുല്‍ ഈമാന്‍ 6690)
നല്ല ബന്ധങ്ങള്‍ വളര്‍ത്താന്‍ ഡെയ്ല്‍ കാര്‍ഗിനി എന്ന പ്രശസ്ത മനശ്ശാസ്ത്രജ്ഞന്റെ നിര്‍ദേശങ്ങള്‍ ഇങ്ങനെയാണ്:
- ആരോട് നിങ്ങള്‍ ഇടപെടുന്നുവോ ആ വ്യക്തിയുടെ നന്മയില് ആത്മാര്‍ഥമായി വിശ്വസിക്കുക.
- പുഞ്ചിരിയുള്ള മുഖമുണ്ടാവുക. നമ്മുടെ പുഞ്ചിരിയും പ്രസന്നതയും കൃത്രിമമല്ലെന്ന് ഉറപ്പാക്കുക.
- എല്ലാവരുടെയും പേര് ഓര്‍മിക്കുക. ഏതൊരാളും ഏറ്റവും ഇഷ്ടപ്പെടുന്നത് സ്വന്തം പേരാണ്.
- പറയുന്നതിലേറെ കേള്‍ക്കുക. മറ്റുള്ളവരെ അവരുടെ കാര്യങ്ങള്‍ പറയാന്‍ പ്രോത്സാഹിപ്പിക്കുക. തങ്ങളെ ശ്രദ്ധിക്കുന്ന കാതുകള്‍ എല്ലാവരും ഇഷ്ടപ്പെടുന്നു.
- ആരും നിസ്സാരന്മാരല്ല എന്ന് മനസ്സിലുറപ്പിക്കുക.
``ഇനി നിങ്ങള്‍ക്ക് അവരോട് വെറുപ്പ് തോന്നുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് അനിഷ്ടമുള്ളതിലും അല്ലാഹു നിരവധി നന്മകള് നിക്ഷേപിച്ചിട്ടുണ്ടാകാം'' (4:19) എന്ന ഖുര്‍ആന്‍ വചനം ഇവ്വിഷയത്തില്‍ ഏറ്റവും മികച്ച മാര്‍ഗനിര്‍ദേശമാണ്. ഇണകള്‍ക്കായി പറഞ്ഞതെങ്കിലും സകല ബന്ധങ്ങളിലും ഈ സാരോപദേശം പ്രസക്തമാണ്. റോസാച്ചെടിയിലെ മുള്ളുകളെ നോക്കി മുഖം കനപ്പിക്കാനും അതിന്നു മുകളിലെ പൂവിനെ കണ്ട് മുഖം തുടിക്കാനും കഴിയുന്ന പോലെ ഓരോ ബന്ധത്തിലും നമുക്ക് സാധിക്കും. സ്വന്തത്തെ നന്നാക്കേണ്ട ബാധ്യതയോളം വേറെയാരെ നന്നാക്കാനും നമുക്ക് ബാധ്യതയില്ല.
_________________________________________________________________________
കോപത്തെ നിയന്ത്രിക്കുക
- തസ്കിയ്യ -
അബൂമിഖ്ദാദ്
കോപം എല്ലാവരിലും കാണപ്പെടുന്ന സ്വഭാവമാണ്. മനുഷ്യരുടെ പ്രകൃതിയിലുള്ള എല്ലാ സ്വഭാവങ്ങളെയും നിയന്ത്രിക്കാനും അവയെ നന്മയുടെ വീഥിയിലേക്ക് തിരിച്ചുവിടാനും ഇസ്ലാം നമ്മോട് ആഹ്വാനം ചെയ്യുന്നു. കോപത്തിന്റെ കാര്യത്തിലും ദൈവിക മതത്തിന്റെ സമീപനം ഇതില്‍ നിന്ന് ഭിന്നമല്ല. ചില നബിവചനങ്ങള്‍ നോക്കൂ:അബൂഹറയ്റ(റ) പറയുന്നു: നബി(സ) പറഞ്ഞു: ``ഗുസ്തിയില്‍ വിജയിക്കുന്നവനല്ല ശക്തന്, കോപമുണ്ടാവുമ്പോള്‍ സ്വയം നിയന്ത്രിക്കുവാന്‍ കഴിയുന്നവനാണ് ശക്തിയുള്ളവന്.'' (ബുഖാരി)
സുഫ്യാനുബ്നു അബ്ദില്ല സഖ്ഫിയില് നിന്ന് നിവേദനം: ഞാനൊരിക്കല്‍ നബി(സ)യോട് പറഞ്ഞു: ``അല്ലാഹുവിന്റെ ദൂതരേ, താങ്കള്‍ എനിക്ക് പ്രയോജനപ്രദമായ ഒരു ഉപദേശം നല്കിയാലും. അപ്പോള്‍ നബി(സ) പറഞ്ഞു: നീ കോപിക്കരുത്'' (ത്വബ്റാനി)
തനിക്ക് ഇഷ്ടമില്ലാത്തത് കാണുകയോ കേള്‍ക്കുകയോ അറിയുകയോ ചെയ്യുമ്പോള്‍ വെറുപ്പും കോപവുമുണ്ടാകുന്നത് മനുഷ്യ സഹജമാണ്. പക്ഷെ, ചിലര്‍ക്ക് തങ്ങളുടെ വികാരങ്ങളെ നിയന്ത്രിക്കാന്‍ കഴിയുന്നുവെങ്കില്‍ മറ്റു ചിലര്‍ക്ക് അതിനു സാധിക്കുന്നില്ല. കോപത്തെയും ദേഷ്യത്തെയും നിയന്ത്രിക്കാന്‍ കഴിയാത്തതുമൂലമുള്ള ദൂഷ്യത്തിന് കയ്യും കണക്കുമില്ല. വികാര വിക്ഷോഭങ്ങള്‍ക്ക് അടിമകളായിത്തീരുമ്പോള്‍ സ്വത്തിനും അന്യര്‍ക്കും ഉപദ്രവങ്ങളും നാശനഷ്ടങ്ങളുമുണ്ടാക്കുന്നു.
സൗഹാര്‍ദത്തോടെ ജീവിക്കുന്ന ചിലര്‍ കോപാന്ധരായി മാറുമ്പോള്‍ സുഹൃത്തിനെ ആക്ഷേപിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്ത സംഭവങ്ങള്‍ നിരവധിയാണ്. എന്തിനേറെ, കോപാഗ്നി ജ്വലിച്ചപ്പോള്‍ കിട്ടിയ ആയുധങ്ങളെടുത്ത് സുഹൃത്തിനെ കൊന്നുകളയുകയും പിന്നീട് ഖേദിക്കുകയും ചെയ്യേണ്ടി വന്ന സംഭവങ്ങളും നാം കേള്‍ക്കാറുണ്ട്. കോപാന്ധനായ ഒരു പിതാവ് വികൃതി കാണിച്ച സ്വന്തം മകന്റെ കഴുത്തു പിടിച്ചു ശ്വാസം മുട്ടിച്ചു. അയാളുടെ അരിശം തീര്‍ന്നപ്പോഴേക്ക് ആ കുട്ടി പരലോകത്തേക്ക് യാത്ര പോയിരുന്നു. സഹപാഠികള്‍ തമ്മിലുണ്ടായ ശണ്ഠ ഈയിടെ കൊലപാതകത്തിലെത്തിയ വാര്‍ത്ത നാം കേരളത്തില്‍ നിന്നുതന്നെ വായിച്ചു.
അനിയന്ത്രിതമായ കോപം എത്ര കുടുംബ ബന്ധങ്ങളെയാണ് തകര്‍ത്തത്! സമൂഹത്തില്‍ നടക്കുന്ന ത്വലാഖുകളുടെ വലിയൊരളവ് കോപത്തിന്റെ സന്തതികളാണ്. അരിശം മൂക്കുമ്പോള്‍ നിന്നെ മൂന്നു ത്വലാഖും പിരിച്ചു എന്ന് ആക്രോശിച്ച ചിലര്‍ പിന്നീട് അതു മൂലം എത്ര വലിയ പൊല്ലാപ്പുകളിലാണ് അകപ്പെട്ടിട്ടുള്ളത്.
കോപത്തെ നിയന്ത്രിക്കല്‍ വളരെ ദുഷ്കരമായ ഒരു ജോലിയാണ്. മൂസാനബി(അ) അല്ലാഹുവിന്റെ നിര്‍ദേശാനുസരണം നാല്പതു ദിവസം സീനാ താഴ്വരയിലേക്കു തിരിച്ചു. അവിടെ വച്ച് അല്ലാഹു അദ്ദേഹത്തിന് തൗറാത്തിന്റെ ഫലകങ്ങള്‍ നല്കി. താങ്കള്‍ പോയതിന് ശേഷം താങ്കളുടെ ജനതയിലൊരു വിഭാഗം സന്മാര്ഗത്തില് നിന്ന് വ്യതിചലിച്ചിട്ടുണ്ടെന്ന് അല്ലാഹു അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. അതിനാല്‍ മൂസാ(അ) വിഷണ്ണനും കുപിതനുമായാണ് തന്റെ ജനങ്ങളുടെയടുക്കല്‍ തിരിച്ചെത്തിയത്. കോപത്തിന്റെ കാഠിന്യത്തില്‍ അദ്ദേഹം തൗറാത്തിന്റെ ഫലകങ്ങള്‍ എറിയുകയും സഹോദരന് ഹാറൂനി(അ)നോട് കയര്‍ക്കുകയും ചെയ്തു.
``കുപിതനും ദു:ഖിതനുമായി തന്റെ ജനതയിലേക്ക് തിരിച്ചു വന്നപ്പോള്‍ അദ്ദേഹം അവരോട് പറഞ്ഞു. ഞാന്‍ പോയ ശേഷം നിങ്ങള്‍ ചെയ്തത് എത്രമാത്രം നികൃഷ്ടമായിപ്പോയി. നിങ്ങളുടെ രക്ഷിതാവിന്റെ കല്പന കാത്തിരിക്കാതെ ധൃതി കാണിക്കുകയോ? അദ്ദേഹം ഫലകങ്ങള്‍ എറിഞ്ഞു കളയുകയും തന്റെ സഹോദരന്റെ തലക്ക് പിടിച്ചുവലിക്കുകയും ചെയ്തു. (ഹാറൂന്‍) പറഞ്ഞു: എന്റെ മാതാവിന്റെ പുത്രാ, ജനങ്ങള്‍ എന്നെ നിസ്സാരനായി കാണുകയും കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തു. താങ്കള്‍ ശത്രുക്കളെ ആഹ്ലാദിപ്പിക്കരുത്, എന്നെ അക്രമികളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തുകയും അരുത്.'' (വി.ഖു. 7:150) എന്നാല്‍ കോപം അടക്കിയപ്പോള്‍ അദ്ദേഹം ശാന്തനാവുകയും ത ന്റെ സഹോദരന്റെ നിരപരാധിത്വം ഗ്രഹിക്കുകയും ചെയ്തു. തുടര്‍ന്ന് സഹോദരനും തനിക്കും വേണ്ടി അദ്ദേഹം പ്രാര്‍ഥിക്കുകയും ചെയ്തു. മാത്രമല്ല, എറിഞ്ഞുകളഞ്ഞ തൗറാത്തിന്റെ ഫലകങ്ങള്‍ അദ്ദേഹം എടുക്കുകയും ചെയ്തുവെന്ന് ഖുര്‍ആന്‍ തുടര്‍ന്നു പ്രസ്താവിക്കുന്നു.
മൂസാനബി(അ)യുടെയും ഹാറൂന്‍ നബി(അ)യുടെയും ചരിത്രകഥനത്തിലൂടെ കോപം ഏതു മനുഷ്യനെയും അപാകതകളിലേക്ക് നയിക്കുമെന്ന് അല്ലാഹു നമ്മെ ഉണര്‍ത്തുന്നു. മാത്രമല്ല, കോപിഷ്ഠനായ സഹോദരനോട് എങ്ങനെ പെറുമാറണമെന്നും അല്ലാഹു വരച്ചു കാണിക്കുന്നു. തന്നെ കയ്യേറ്റം നടത്തുന്ന മൂസായോട് `എന്റെ മാതാവിന്റെ മോനേ' എന്ന ഹാറൂന്‍ നബി(അ)യുടെ സംഭാഷണ രീതി എത്രമാത്രം ഹൃദയഹാരിയാണ്. നമ്മുടെ സുഹൃത്തോ ബന്ധുവോ കോപത്തോടുകൂടി സംസാരിക്കുമ്പോള്‍ ശാന്തമായി പ്രതികരിക്കുന്നത് അയാളുടെ കോപത്തെ തടയുകയും ശാന്തനാക്കുകയും ചെയ്യാതിരിക്കുകയില്ല. പക്ഷെ, അതിനുള്ള സഹനശീലം നമുക്കും ഉണ്ടാവണമെന്നു മാത്രം.
കോപത്തെ അടക്കിനിര്‍ത്തലും കോപിഷ്ഠനോട് ശാന്തമായി പ്രതികരിക്കലും പ്രയാസമുള്ള കാര്യങ്ങള്‍ തന്നെയാണ്. സാധാരണഗതിയില്‍ നമ്മോടൊരാള്‍ ദേഷ്യപ്പെട്ട് സംസാരിച്ചാല്‍ നാമും കുപിതരാവുകയാണ് പതിവ്. അപ്പോള്‍ നമ്മുടെ മനസ്സുകള്‍ പിശാചിന്റെ വിഹാരരംഗമായിത്തീരുന്നു. അങ്ങനെ ഒട്ടും പ്രശംസനീയമല്ലാത്ത വാക്യങ്ങളും കൃത്യങ്ങളും തമ്മില്‍ നിന്ന് വന്നു ഭവിക്കാനിടയായിത്തീരുന്നു. അതിനാലാണ് നബി(സ) ``കോപം പിശാചില്‍ നിന്നാണെന്ന്.'' നമ്മെ ഓര്‍മിപ്പിച്ചത്. കോപം വരുന്നവരോട് പിശാചില്‍ നിന്ന് രക്ഷ തേടാന്‍ നബി(സ) ഉപദേശിക്കാറുണ്ടായിരുന്നു. ചില വചനങ്ങളില്‍ കോപമുണ്ടാവുമ്പോള്‍ വുദൂ (അംഗശുദ്ധി) ചെയ്താല്‍ അതിന്റെ ശക്തി കുറയുമെന്ന് സൂചിപ്പിച്ചിട്ടുമുണ്ട്.
___________________________________________________________________